This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആലി ഹസ്സന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആലി ഹസ്സന്‍

13-ാം ശതകത്തിന്റെ അവസാനം പേര്‍ഷ്യയില്‍ ജീവിച്ചിരുന്ന ഒരു ലോഹപ്പണിക്കാരന്‍; പൂര്‍ണമായ പേര്‌ ആലി ഇബ്‌നു ഹസ്സന്‍ ഇബ്‌നു മുഹമ്മദ്‌ എന്നാണ്‌. ഇദ്ദേഹത്തിന്റെ ശില്‌പനിര്‍മിതികളില്‍ മൂന്നെച്ചം കെയ്‌റോയില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്‌. അവയിലെല്ലാം ഇദ്ദേഹത്തിന്റെ പേരോടൊപ്പം "മുസ്സെലിലെ' എന്നു കൂടി ചേര്‍ത്തിട്ടുള്ളതുകൊണ്ട്‌ ഇദ്ദേഹത്തിന്റെ ജന്മനാട്‌ മൂസ്സെല്‍ ആണെന്ന്‌ അനുമാനിക്കേണ്ടിയിരിക്കുന്നു.

ലഭിച്ചിട്ടുള്ള ശില്‌പങ്ങളില്‍ ഒന്ന്‌ ഒരു ചഷകമാണ്‌. അതില്‍ യമനിലെ റെസൂലിദ്‌ സുല്‍ത്താന്റെ മാലിക്‌ മുസാഫര്‍ ഷംസ്‌ അല്‍ദിന്‍ യൂസഫ്‌ എന്ന സ്ഥാനനാമങ്ങള്‍ കൊത്തിയിട്ടുണ്ട്‌. എ.ഡി. 1275-ല്‍ കെയ്‌റോയില്‍വച്ച്‌ നിര്‍മിച്ചിട്ടുള്ള ഈ ചഷകം പാരിസിലെ "മ്യൂസി ദെ ആര്‍സ്‌ ദെക്കറാറ്റിഫ്‌' (Musee des Arts Decoratifs)ല്‍ സൂക്ഷിച്ചുവരുന്നു. രണ്ടാമത്തേത്‌ ഒരു മെഴുകുതിരിക്കാലാണ്‌. "കെയ്‌റോ 1282' എന്ന്‌ നിര്‍മാണകാലം രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഇത്‌ കെയ്‌റോയിലെ റാല്‍ഫ്‌ ഹരാറിയുടെ ശേഖരത്തില്‍പ്പെടുന്നു. മൂന്നാമത്തേത്‌ "കെയ്‌റോ 1285' എന്ന്‌ കാലനിര്‍ണയം ചെയ്യപ്പെട്ടിട്ടുള്ള ഒരു താമ്പാളമാണ്‌. ഇത്‌ പാരീസിലെ ലൂവ്ര്‌ കലാശേഖരത്തില്‍ ഉള്‍പ്പെടുന്നു. ആലി ഹസ്സന്റെ ഈ കലാസൃഷ്‌ടികള്‍ അയൂബിയ്യ കലാ പ്രസ്ഥാനത്തിനും മാംലൂക്‌ കലാപ്രസ്ഥാനത്തിനും ഇടയ്‌ക്കുള്ള ഒരു കാലഘട്ടത്തിന്റെ സവിശേഷതകളെ പ്രതിനിധാനം ചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍